കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. യുവതി കൊല്ലപ്പെടുന്നതിന് മുൻപ് ക്രൂരമായ മർദ്ദനത്തിന് വിധേയയായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിവിക് വോളണ്ടിയർ സഞ്ജയ് റോയ്, കണ്ണട ചില്ലുകൾ കണ്ണിൽ തുളച്ചു ശക്തിയായി അടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൂടാതെ രണ്ട് കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തസ്രാവവും മുഖത്ത് മുറിവുകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. വയറിലും ഇടതു കാലിലുംകഴുത്തിലും വലതു കൈയിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടായിരുന്നതായും റിപ്പോർട്ട്.
വെള്ളിയാഴ്ച രാവിലെ പശ്ചിമ ബംഗാൾ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ റൂമിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി പരിസരത്ത് സ്ഥിരമായി വന്നിരുന്ന സഞ്ജയ് റോയിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കുറ്റകൃത്യത്തിന് ശേഷം പോലീസ് ബാരക്കിൽ പോയി വെള്ളിയാഴ്ച രാവിലെ വരെ ഉറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഇയാൾ കൊൽക്കത്ത പോലീസിൻ്റെ വെൽഫെയർ യൂണിറ്റിലെ അംഗം കൂടിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വൻ പ്രതിഷേധം, രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ആഹ്വാനം
സഞ്ജയ് റോയ് അശ്ലീലത്തിന് അടിമയാണെന്നും അദ്ദേഹത്തിൻ്റെ മൊബൈൽ ഫോണിൽ അത്തരത്തിലുള്ള നിരവധി ഉള്ളടക്കങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. നാലുതവണ വിവാഹം കഴിച്ച ഇയാൾ ഭാര്യമാരെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായും പോലീസ്.
പരിശീലനം ലഭിച്ച ബോക്സറായ സഞ്ജയ് റോയ്, വർഷങ്ങളായി ഏതാനും മുതിർന്ന പോലീസ് ഓഫീസർമാരുമായി അടുപ്പത്തിലായി, തുടർന്ന് കൊൽക്കത്ത പോലീസ് വെൽഫെയർ ബോർഡിലേക്ക് മാറ്റുകയും സർക്കാർ നടത്തുന്ന ആർജി കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റിലേക്ക് നിയമിക്കുകയും ചെയ്തു.
അതേസമയം, ബിരുദാനന്തര ബിരുദധാരിയായ ട്രെയിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഏഴ് ദിവസത്തെ സമയപരിധി നൽകിയത് എന്തുകൊണ്ടാണെന്ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാർ ചോദ്യം ചെയ്തു, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സമരക്കാർ പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളിൽ കേസ് പരിഹരിക്കാൻ പോലീസ് പരാജയപ്പെട്ടാൽ തൻ്റെ സർക്കാർ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റുമെന്ന് മമത ബാനർജി അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള സർക്കാർ ആശുപത്രികളിലെ റസിഡൻ്റ് ഡോക്ടർമാർ തിങ്കളാഴ്ച പ്രതിഷേധം നടത്തി, പശ്ചിമ ബംഗാളിലെയും ഡൽഹിയിലെയും അനിശ്ചിതകാല പണിമുടക്ക് ഒപിഡി സേവനങ്ങളെയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളെയും ബാധിച്ചു. കൊൽക്കത്തയിൽ, കഴിഞ്ഞ മൂന്ന് ദിവസമായി, ജൂനിയർ ഡോക്ടർമാർ അടിയന്തര ജോലികളിൽ മാത്രം പങ്കെടുത്തിരുന്നു, എന്നാൽ തിങ്കളാഴ്ച രാവിലെ മുതൽ അവർ അതും നിർത്തി. ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.