കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡൽഹി എയിംസിലെ ഡോക്ടർമാരുടേയും മെഡിക്കൽ വിദ്യാർകളുടേയും നേതൃത്വത്തിൽ വൻ പ്രതിഷേധം. സംഭവത്തിൽ ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാരും ഇൻ്റേണുകളും ബിരുദാനന്തര ബിരുദധാരികളും തുടർച്ചയായ നാലാം ദിവസവും സമരം തുടരുന്നതിനാൽ പശ്ചിമ ബംഗാളിലെ ആശുപത്രി സേവനങ്ങൾ തിങ്കളാഴ്ച തടസപ്പെട്ടു.
അതേസമയം, കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജി വച്ചു. “ഞാൻ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയാണ്. മരിച്ച ഡോക്ടർ എൻ്റെ മകളെപ്പോലെയായിരുന്നു. ഒരു രക്ഷിതാവ് എന്ന നിലയിൽ, ഞാൻ രാജിവെക്കുന്നു. ഭാവിയിൽ ഇത് ആർക്കും സംഭവിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല,”യെന്നും അദ്ദേഹം പറഞ്ഞു.
ആർജി കർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിനെ ഉടൻ മാറ്റണം, സിബിഐ അന്വേഷണം തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫോർഡ ജനറൽ സെക്രട്ടറി ഡോ. സർവേഷ് പാണ്ഡെ അപൂർവ ചന്ദ്രയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. ആവശ്യങ്ങൾ നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരും. പണിമുടക്ക് സമയത്ത് ശസ്ത്രക്രിയകൾ തടസപ്പെടും, അത്യാഹിത സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുവെന്നും സമരക്കാർ പറഞ്ഞു. രാജ്യത്തുടനീളമുള്ള 3 ലക്ഷം ഡോക്ടർമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
വെള്ളിയാഴ്ചയാണ് ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ പിജിടി വനിതാ ഡോക്ടറുടെ അർദ്ധ നഗ്ന മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന് മുമ്പ് ലൈംഗിക പീഡനം നടന്നതായി സൂചിപ്പിച്ചിരുന്നു, ഇത് ആശുപത്രിക്കുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് അവളുടെ പിതാവ് ആരോപിക്കുന്നു.
കേസിൽ സഞ്ജയ് റോയ് എന്ന പ്രതിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. റോയിയുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.
Comments 1