കൊച്ചി: ഓംപ്രകാശിനെതിരായ ലഹരിപാർട്ടിക്കേസുമായിബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളാണ് പ്രയാഗയേയും ശ്രീനാഥിനേയുമുൾപെടെ ലഹരിപ്പാർട്ടിയിലേക്ക് ആളുകളെ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇയാൾ ലഹരിക്കേസിൽ പ്രതിയായിരുന്നു.
പോലീസ് റിമാൻഡ് റിപ്പോർട്ടിലുള്ള മുഴുവനാളുകളേയും പാർട്ടിക്കെത്തിച്ചത് ഇയാളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ബിനുവിനെക്കുറിച്ചുള്ള സൂചനകൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം പഞ്ചനക്ഷത്ര ഹോട്ടലിൽ ബോബി ചലപതി എന്ന പേരിൽ മുറിയെടുത്തത് ഓം പ്രകാശ് തന്നെയാണെന്നാണ് പോലീസ് നിഗമനം. തന്നെ തിരിച്ചറിയാതിരിക്കാനായി പേരുമാറ്റി മുറിയെടുക്കുകയായിരുന്നു. ലഹരിപ്പാർട്ടിക്കായെത്തുന്നവർക്ക് താമസിക്കാനായെടുത്ത മൂന്ന് മുറികളും ഒരേപേരിലായിരുന്നു ബുക്ക് ചെയ്തിരുന്നത്.
പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ബൈജു, അനൂപ്, ഡോൺ ലൂയിസ്, അരുൺ, അലോഷ്യ, സ്നേഹ, ടിപ്സൺ, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരുടെ പേരുകളാണ് പ്രതികളെ ഹോട്ടലിൽ സന്ദർശിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
പോൾ എം ജോർജ് മുത്തൂറ്റ് വധക്കേസ്, പാറ്റൂർ ഗുണ്ടാ ആക്രമണക്കേസ് തുടങ്ങിയ നിരവധിക്കേസുകളിൽ പ്രതിയാണ് ഓം പ്രകാശ്. ഇടയ്ക്ക് മണ്ണ് മാഫിയ നിയന്ത്രണവും ഇയാൾ ഏറ്റെടുത്തിരുന്നു.