മലയാലപ്പുഴ: മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം അറിയിച്ചു നവീൻ ബാബുവെന്ന വ്യക്തി ആരായിരുന്നുവെന്ന്, എങ്ങനെയുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്ന്. വെറുവാക്കിൽ പൊലിഞ്ഞുപോയത് ഒരു മനുഷ്യൻ മാത്രമായിരുന്നില്ല, ഒരു കുടുംബത്തിന്റെ നട്ടെല്ലുകൂടിയായിരുന്നു.
തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും പിതാവിന്റെ ചിതയ്ക്ക് തീ കൊളുത്തി. മക്കളും സഹോദരന് അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്.
നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്കിയപ്പോള് അത് കണ്ടുനിന്നവരുടേയും കണ്ണുകൾ ഈറനണിഞ്ഞു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര് കാഴ്ച്ചയായി. രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടില്‍കൊണ്ടുവന്നത്.
രാവിലെ മുതല്‍ കലക്ടറേറ്റില്‍ ആരംഭിച്ച പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍, സഹപ്രവര്‍ത്തകനായിരുന്ന നവീന്‍ കണ്ണീരോടെ വിട നല്കി.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കണ്ണൂരില്‍നിന്ന് മൃതദേഹം ആംബുലന്‍സില്‍ പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്, സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്, നവീന്റെ സഹോദരന് അഡ്വ. കെ. പ്രവീണ്‍ ബാബു, ബന്ധുക്കള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.