കൽപറ്റ: മനുഷ്യാവകാശ പ്രവർത്തകനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. 70 വയസായിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയും ഭാര്യ ഷേർലിയും ചേർന്നാണ്. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. ഈ നാടകത്തിലൂടെ ആദിവാസികളുടെ ഉന്നമനത്തെ കുറിച്ച് സമൂഹത്തിൽ ഒരു അവബോധമുണ്ടാക്കാൻ സാധിച്ചു. 2003 ൽ അദ്ദേഹം ഡയറക്റ്റ് ചെയ്ത സിനിമ ഗുഡ കാട്ടുനായ്ക്കർ വിഭാഗത്തിന്റെ അവസ്ഥ വരച്ചുകാണിക്കുന്നതായിരുന്നു
കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറി. 1994 ലാണ് കനവ് എന്ന ബദൽ സ്കൂൾ തുടങ്ങിയത്. 1994 ൽ പുറത്തിറങ്ങിയ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.