തിരുവനന്തപുരം∙ ബിജെപിയുടെ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണ്, അല്ലാതെ സുരേഷ് ഗോപിയല്ലെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് തന്റെയും ബിജെപിയുടെയും നിലപാട്. കൊല്ലത്തും തിരുവനന്തപുരത്തും ഇതാവശ്യപ്പെട്ട് ബിജെപി സമരം നടത്തി. അതിൽ നിന്ന് ബിജെപി പിന്നോട്ടില്ല. നിയമസഭാ സാമാജികനായി തുടരാൻ മുകേഷിന് യോഗ്യതയില്ലെന്നാണ് ബിജെപിയുടെ നിലപാട്. മുകേഷ് രാജിവച്ച് പോകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
ചലച്ചിത്ര നടൻ, കേന്ദ്രമന്ത്രി എന്നീ നിലകളിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം. പക്ഷേ പാർട്ടിക്ക് പാർട്ടിയുടേതായ നിലപാടും കാഴ്ചപ്പാടുകളുമുണ്ട്. രഞ്ജിത്തും സിദ്ദിഖും രാജിവച്ചിട്ടുണ്ടെങ്കിൽ നിയമസഭാ സാമാജികനായ മുകേഷും അതുപോലെ ചെയ്യണം. സ്ത്രീ പീഡനത്തിന്റെ അപ്പോസ്തോലനായ മുകേഷിനെ ഉൾപ്പെടുത്തി കോൺക്ലേവ് നടത്താനുള്ള നീക്കം സമ്മതിക്കില്ലെന്നും സുരേന്ദ്രൻ അറിയിച്ചു.
പാർട്ടി നിലപാട് പറയാൻ ചുമതലപ്പെട്ടയാള്‍ സംസ്ഥാന അധ്യക്ഷനായ താനാണ്. സുരേഷ് ഗോപിക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും അദ്ദേഹത്തെ വിലകുറച്ച് കാണുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വേട്ടക്കാരന്റെ സ്വകാര്യത എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.