തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ഡിസംബർ രണ്ടു മുതൽ 18 വരെ നടത്തും. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും ഉൾപെട്ട കേസ്തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ്പരിഗണിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിനെ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടത്തത്. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ബഷീറിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക. രണ്ടു മുതൽ ആറു വരെയുള്ള സാക്ഷികൾ സംഭവം നേരിൽ കണ്ടു എന്നാണ് പോലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.