കോട്ടയം: ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുൻ ലോഡ്ജ് ജീവനക്കാരി രംഗത്തെത്തിയ പശ്ചാത്തലത്തിൽ സിബിഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തും.
ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. എങ്കിലും ജീവനക്കാരിയുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ്അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ അന്നത്തെ രജിസ്റ്റർ കണ്ടെത്തി പരിശോധിക്കാനാണ് നീക്കം.
കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് കഴിഞ്ഞദിവസമാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജെസ്നയുടെ പിതാവ് ജെയിംസും തള്ളി. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു.