ശ്രീനഗര്‍: ഒരു ദശാബ്ദത്തിന് ശേഷം ജമ്മു കശ്മീരിലെ ചെനാബ് താഴ്വരയിലെയും തെക്കൻ കശ്മീരിലെയും ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ തുടങ്ങി. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്. കാശ്മീര്‍ താഴ്വരയിലെ16 ലും ജമ്മുവിലെ എട്ട് മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു.
1,328 പോളിംഗ് സ്റ്റേഷനുകളിലായി 7.14 ലക്ഷം വോട്ടർമാരുള്ള ചെനാബ്, റംബാൻ, ദോഡ, കിഷ്ത്വാർ എന്നിവിടങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപ്പിയാൻ എന്നീ നാല് ജില്ലകളിൽ 16 നിയമസഭാ സീറ്റുകളാണുള്ളത്. 1,948 തെരഞ്ഞെടുപ്പ് ബൂത്തുകളിലായി 16.13 ലക്ഷം വോട്ടർമാർ ഇന്ന് വോട്ട് ചെയ്യും. വൈകിട്ട് ആറിന് പോളിംഗ് സമാപിക്കും.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ജമ്മു കശ്മീരിലുടനീളം കേന്ദ്ര-സംസ്ഥാന സുരക്ഷാ സേനകൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന ഏറ്റു മുട്ടലുകളിൽ ആറ് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
എന്‍ജിനീയര്‍ റഷീദിന്റെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോര്‍ക്കാന്‍ തീരുമാനിച്ചത് ചില മണ്ഡലങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. കിഴക്കന്‍ കാഷ്മീരില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയും ജനവിധി തേടുന്ന സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി, മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സിന്റെ സക്കീന ഇറ്റൂ ദംഹല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.
മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കാശ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേര് സ്വതന്ത്രസ്ഥാനാര്ഥികളാണുള്ളത്.
ആദ്യ ഘട്ടത്തിൽ 35,000 ലധികം കശ്മീരി പണ്ഡിറ്റുകൾ സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ദേശീയ തലസ്ഥാനത്തിലുമുള്ള 24 പോളിംഗ് സ്റ്റേഷനുകളിലായി വോട്ട് ചെയ്യും. ഡൽഹിയിൽ നാല് പോളിങ് സ്റ്റേഷനുകളുള്ളപ്പോൾ ജമ്മുവിൽ 19 ഉം ഉധംപൂരിലുമുണ്ട്. തെക്കൻ കശ്മീരിലെ 16 മണ്ഡലങ്ങളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തവരാണ് സമുദായാംഗങ്ങൾ.