ശ്രീനഗർ: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടത്തിൽ 58.85% പോളിങ് രേഖപ്പെടുത്തിയതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 24 നിയമസഭാ സീറ്റുകളിലാണ് ബുധനാഴ്ച ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കിസ്താവറിൽ 77.23 ശതമാനവും ഡോഡ വെസ്റ്റ് സീറ്റിൽ 69.33 പോളിംഗും രേഖപ്പെടുത്തി.
പത്ത് വർഷത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് ജമ്മു- കാശ്മീർ ഇന്ന്സാക്ഷ്യം വഹിച്ചത്. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീണ്ടുനിന്നതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 219 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരിച്ചത്.
മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങൾ കൂടി സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 8 ന് നടക്കും.