ഹൈദരാബാദ്: ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ ബംഗ്ലദേശിനെതിരെ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ്ങ് താണ്ഡവം. വെറും 40 ബോളിൽ സെഞ്ചുറി തികച്ച താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് ബംഗ്ലദേശ് സ്പിന്നര്‍ റിഷാദ് ഹുസെയ്നാണ്. ആദ്യ പന്തു വിട്ടുകളഞ്ഞെങ്കിലും താരത്തിന്റെ പത്താം ഓവറിലെ അഞ്ചു പന്തുകളാണ് സഞ്ജു തുടർച്ചയായി സിക്സർ പറത്തിയത്.
ഈ ഓവറിൽ മാത്രം സഞ്ജു അടിച്ചുകൂട്ടിയത് 30 റൺസാണ്. ഇതോടെ ട്വന്റി 20 ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനു സാധിച്ചു. ഒരോവറിൽ 36 റൺസടിച്ച് ചരിത്രമെഴുതിയ യുവരാജ് സിങ്ങും രോഹിത് ശർമയുമാണ് മലയാളി താരത്തിനു മുന്നിലുള്ളത്.
കൂടാതെ ബംഗ്ലദേശിനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി കൂടിയാണ് ഇന്ന് ഹൈദരാബാദിൽ പിറന്നത്. 22 പന്തുകളിൽനിന്നായിരുന്നു സഞ്ജു അർധ സെഞ്ചറിയിലെത്തിയത്. 23 പന്തുകളിൽ 50 തികച്ച രോഹിത് ശർമയെയാണ് ഇക്കാര്യത്തിൽ സഞ്ജു മറികടന്നത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസാണ് ഹൈദരാബാദില്‍ അടിച്ചത്. 40 പന്തുകളിൽ നിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്സുകളും 11 ഫോറുകളുമടക്കമായിരുന്നു താരത്തിന്റെ ഇന്നത്തെ ഇന്നിങ്സ്.