കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും ഒരു പോലെ തല്ലി ചരിത്രം കുറിച്ച് ടീം ഇന്ത്യ. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ നൂറ് റണ്‍സെടുക്കുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 10.1 ഓവറിൽ ഇന്ത്യ 100 റണ്‍സ്.
2023 ല്‍ വിന്‍ഡീസിനെതിരേ 12.2 ഓവറില്‍ നൂറ് റണ്‍സെടുത്ത ഇന്ത്യയുടെ റെക്കോഡ് തന്നെയാണ് ടീം തിരുത്തിയെഴുതിയത്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും നായകന് രോഹിത്ത് ശര്‍മയും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ അമ്പത് കടത്തി. ടീം സ്കോര്‍ 55 നില്‍ക്കേ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്സറുകളുമടക്കം രോഹിത് 23 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്. നിലവില്‍ ഇന്ത്യ 20 ഓവറില്‍ 162ന് നാല് വിക്കറ്റ് എന്ന നിലയാലാണ്. 72 റണ്‍സെടുത്ത യശ്വസി ജസ്വാള്, ശുബ്മാന് ഗില്‍ (39), റിഷഭ് പന്ത് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 15 റണ്‍സുമായി കോഹ്ലിലും, എട്ട് റണ്‍സുമായി കെഎല്‍ രാഹുലുമാണിപ്പോള് ക്രീസില്‍.
നാലാം ദിനം തുടക്കത്തില്‍ തന്നെ 11 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ ബംഗ്ലാദേശിന് നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ മൊമിനുള്‍ ഹഖാണ് ബംഗ്ലാദേശിന് കരുത്തായത്. വിക്കറ്റുകള്‍ വീഴുമ്പോഴും മൊമിനുള്‍ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ലിട്ടണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്(9), തൈജുള്‍ ഇസ്ലാം(5), ഹസന് മഹ്മുദ് (1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മെഹ്ദി ഹസന് 20 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. സിറാജ്, അശ്വിന്, ആകാശ് ദ്വീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.