പട്ന: ബിഹാറിൽ ജിവിത് പുത്രിക ഉത്സവാഘോഷ ചടങ്ങിനിടെ വിവിധ ജില്ലകളിലായി 43 പേർ മുങ്ങി മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 37 കുട്ടികളും ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 15 ജില്ലകളിലായി നടന്ന ഉത്സവാഘോഷങ്ങളിലാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
‘ജിവിത് പുത്രിക’ ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയിൽ സ്നാനത്തിനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. ഇതുവരെ ആകെ 43 മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ദുരന്തനിവാരണ വകുപ്പ് (ഡിഎംഡി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളുടെ ഐശ്വര്യത്തിന് വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്നതാണ് ചടങ്ങ്.
ബുധനാഴ്ച നടന്ന ആഘോഷത്തിൽ സംസ്ഥാനത്തെ 15 ജില്ലകളിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു. കിഴക്ക്, പടിഞ്ഞാറ് ചമ്പാരൻ, നളന്ദ, ഔറംഗബാദ്, കൈമൂർ, ബക്സർ, സിവാൻ, റോഹ്താസ്, സരൺ, പട്ന, വൈശാലി, മുസാഫർപൂർ, സമസ്തിപൂർ, ഗോപാൽഗഞ്ച്, അർവാൾ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പട്നയിലെ ഔറംഗാബാദിൽ നടന്ന ചടങ്ങിൽ മാത്രം എട്ടു പെൺകുട്ടികളടക്കം ഒമ്പതു പേർ മുങ്ങിമരിച്ചു. മൂന്നുപേരെ കാണാതായി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.