തിരുവനന്തപുരം: കൈക്കൂലി ആരോപണങ്ങളെ തുടർന്ന് ഇടുക്കി ഡിഎംഒ ഡോ.എൽ മനോജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മനോജിനെതിരെ നേരത്തെ മുതൽ ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതികൾ ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ഡോ.എൽ. മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതായി ഉത്തരവിൽ പറയുന്നു.
നിലവിലെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് എസ്. വർഗീസിനാണ് ഇനി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ അധിക ചുമതല. കൂടാതെ ഡോ.എൽ. മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.