തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജൻസി ഓഫീസിൽ ഉണ്ടായ വൻതീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ (35) ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാൾ ഓഫിസിൽ ഇടപാടുമായി ബന്ധപ്പെട്ട് വന്നയാണാകാമെന്നാണ് നിഗമനം. ന്യൂ ഇന്ത്യാ കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തുനടത്തി വരികയായിരുന്നു മരിച്ച വൈഷ്ണ.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. എന്താണ് തീപ്പിടിത്തത്തിന് കാരണം എന്നതിൽ വ്യക്തമല്ല. ഓഫീസ് പൂർണമായും കത്തിയനിലയിലാണ്. അപകടത്തിൽപ്പെട്ട ഉടനെ ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവർ ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തിൽ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന ഒരാൾ പറഞ്ഞു. ഓഫീസ് പ്രവർത്തിക്കുന്ന മുറിക്കുള്ളിൽ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടർന്നത്. എന്താണ് അപകടകാരണമെന്ന് ഫൊറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.