പാരീസ് ഒളിംപിക്സോടെ വിരമിച്ച ഇതിഹാസ ഗോൾകീപ്പർ പിആർ ശ്രീജേഷിനോടുള്ള ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പർ ജേഴ്സിയും വിരമിച്ചതായി ഹോക്കി ഇന്ത്യ. ഇതോടെ രണ്ട് പതിറ്റാണ്ടോളം അഭിമാനത്തോടെ ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പർ ജേഴ്സി സീനിയർ ദേശീയ ടീമിൽ നിന്ന് വിരമിക്കും.
അതോടൊപ്പം 36 കാരനായ ശ്രീജേഷ് ജൂനിയർ ദേശീയ പരിശീലകനാകുമെന്ന് ഹോക്കി ഇന്ത്യയുടെ സെക്രട്ടറി ജനറൽ ഭോല നാഥ് സിംഗ് വെളിപ്പെടുത്തി. ജേഴ്സി സീനിയർ ലവലിൽ നിന്ന് മാത്രമാണ് വിരമിക്കുന്നത്. ജൂനിയർ താരങ്ങൾക്ക് 16-ാം നമ്പർ ജേഴ്സി തുടർന്നും ലഭ്യമാകും. “ജൂനിയർ ടീമിലെ അടുത്ത ശ്രീജേഷിനെ ശ്രീജേഷ് തന്നെ വരയ്ക്കും, 16-ാം നമ്പർ ജേഴ്സി ധരിക്കും,” വെറ്ററൻ ഗോൾകീപ്പറെ ആദരിക്കുന്ന ചടങ്ങിനിടെ സിംഗ് പറഞ്ഞു.
ശ്രീജേഷിനോടുള്ള ആദര സൂചകമായി സഹതാരങ്ങള്‍ വേദിയിലെത്തിയത് ശ്രീജേഷ് എന്നെഴുതിയ ജഴ്സി അണിഞ്ഞാണ്. ചടങ്ങില്‍ ഇന്ത്യയുടെ വനിതാ ഷൂട്ടര്‍ മനു ഭാക്കറും ഉണ്ടായിരുന്നു. ശ്രീജേഷിനു ഹോക്കി ഇന്ത്യ 25 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. വേദിയില്‍ ശ്രീജേഷിനൊപ്പം കുടുംബവുമുണ്ടായിരുന്നു.
ഇന്ത്യയുടെ ദീർഘകാല നായകനായ ശ്രീജേഷ്, ദേശീയ ടീം പരിശീലകനായി ഒരു റോൾ പരിഗണിക്കുന്നതിന് മുമ്പ് തനിക്കായി എട്ട് വർഷത്തെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. 2036 ഒളിംപിക്സിൽ പരിശീലകനായി ഇന്ത്യയെ നയിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. “എനിക്ക് ഒരു പരിശീലകനാകണം. അതായിരുന്നു എൻ്റെ പ്ലാൻ, എന്നാൽ, ഇപ്പോൾ എപ്പോഴാണ് എന്നൊരു ചോദ്യമുണ്ട്. റിട്ടയർമെൻ്റിന് ശേഷം കുടുംബമാണ് ആദ്യം മുന്നിൽ വരുന്നത്. അവർക്ക് ഇത് ശരിയാണെങ്കിൽ എനിക്ക് അവരോട് സംസാരിക്കണമെന്നും ശ്രീജേഷ്.