കൊച്ചി: നടി ശ്രീദേവികയ്ക്ക് സംവിധായകൻ തുളസീദാസിൽ നിന്ന് മോശം അനുഭവമുണ്ടായതുപോലെ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി ഗീത വിജയൻ. ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തുളസീദാസ് മൂന്നു ദിവസം താൻ താമസിക്കുന്ന ഹോട്ടൽമുറിയുടെ കോളിങ് ബെല്ലടിക്കുകയും മൂന്നാമത്തെ ദിവസം വാതിൽ തുറന്ന് ശക്തമായി പ്രതികരിച്ചതുകൊണ്ട് അയാൾ മടങ്ങിപ്പോകുകയും ചെയ്തതായും ഗീത വിജയൻ പറഞ്ഞു. പരാതിപ്പെട്ടാൽ ഇൻഡസ്ട്രിയിൽനിന്ന് പുറത്താക്കുമെന്ന് തുളസീദാസ് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. അതുപോലെ അരോമ മോഹനിൽ നിന്നും മോശം അനുഭവമുണ്ടായതായും ഗീത വിജയൻ വെളിപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനേത്തുടർന്ന് സിനിമാമേഖലയിൽ നിന്ന് നിരവധി വെളിപ്പെടുത്തലുകൾ വന്നത് വളരെ നല്ല കാര്യമാണ്. തനിക്കുനേരെ വന്നവർക്കെതിരെ അനന്തരഫലങ്ങൾ നോക്കാതെ താൻ പ്രതികരിച്ചിട്ടുണ്ട്. അതിന്റെ പേരിൽ പല സിനിമകളിൽനിന്നും താൻ ഒഴിവാക്കപ്പെട്ട അനുഭവമുണ്ടായതായും അവർ പറഞ്ഞു.
ആദ്യത്തെ സിനിമയിൽ ഞാൻ വളരെ സുരക്ഷിതയായിരുന്നു. ആ സിനിമയുടെ സംവിധായകനായാലും സിനിമയിൽ സഹനടൻമാരായിരുന്ന ഇപ്പോൾ ആരോപണം നേരിടുന്നവരും നല്ല രീതിയിലാണ് പെരുമാറിയത്. അവരെക്കുറിച്ച് ഇത്തരം ആരോപണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റിയിൽ മൊഴി നൽകാൻ വിളിച്ചിട്ടില്ല. എന്നോട് ചോദിച്ചാൽ എന്റെ അനുഭവങ്ങൾ തീർച്ചയായും പറയും. നടന്ന കാര്യങ്ങൾ എല്ലാവരും അറിയണമല്ലോ. ആ കാര്യങ്ങൾ പക്ഷെ ഞാൻ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ അനന്തരഫലങ്ങൾ നോക്കാതെയാണ് ഞാൻ അവയെ കൈകാര്യം ചെയ്തത്. അതുകാരണം അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. താനന്ന് ശക്തമായി എതിർത്തതുപോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല. ഇനി ഇത്തരം സംഭവങ്ങൾ അധികമുണ്ടാവില്ല, കാരണം ഇവിടെ മീഡിയയുണ്ടല്ലോ”, ഗീത വിജയൻ പറഞ്ഞു.