അനധികൃത വിലക്ക് താനും നേരിട്ടിട്ടുണ്ട്, കരാർ ഒപ്പിട്ടശേഷം ഒൻപത് സിനിമകൾ ഇല്ലാതെയായത് അതിൻറെ ഭാഗമായിട്ടാകാമെന്നും നടി ശ്വേതാ മേനോൻ. കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്കു കിട്ടി. പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടില്ലെന്നും നടി. മലയാള സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടാകാം. അതിൽ സ്ത്രീകളും കാണും. ഇവർ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേർത്തു.
‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. കുറേ വർഷങ്ങളായി ഞാൻ പറയുന്ന കാര്യമാണ് സ്ത്രീകൾക്കു പ്രശ്നമുണ്ട്, നമ്മൾ സ്വന്തമായി തന്നെ ഇതിൽ പോരാടണമെന്ന്. കാരണം ഇക്കാര്യത്തിൽ നമുക്കൊപ്പം ആരും ഉണ്ടാകില്ല. ഇക്കാര്യം ഞാൻ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
ഒരുപാട് സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ എനിക്ക് നേരിട്ടറിയാം. വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ബോളിവുഡിലൊക്കെ അഭിനയിച്ചു വന്ന അനുഭവം ഉണ്ടായതുകൊണ്ട് ഞാനിതൊക്കെ ചോദിക്കും. പക്ഷേ മറ്റുള്ളവർക്ക് ഇതുപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.
സ്ത്രീകൾക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് ഞാൻ. വർഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതിനുദാഹരണമാണ്. എനിക്ക് ശക്തമായ നിലപാടുണ്ടായിരുന്നു. ചില ആളുകൾ എനിക്ക് സിനിമ ഓഫർ ചെയ്തിട്ടുണ്ട്, അവരോടെന്നും കടപ്പാടുണ്ട്. മാധ്യമങ്ങൾ പറയും തിരിച്ചുവരവെന്ന്. ആറാറ് മാസങ്ങൾക്കിടയിൽ ഞാൻ തിരിച്ചുവരാറുണ്ട്.
സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഞാൻ തന്നെ പത്ത് പന്ത്രണ്ട് കേസുകളിൽ പോരാടുന്ന ആളാണ്. സ്കൂൾ കാലഘട്ടം മുതൽ പലതിലും പ്രതികരിക്കാറുണ്ട്. അതുകൊണ്ട് ഇതൊന്നും പുതുമയല്ല. നോ പറയേണ്ടടത്ത് നോ പറയണം.
വ്യക്തിപരമായി മോശമായ അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ആവശ്യങ്ങളിൽ ഞാൻ നിർബന്ധം പിടിച്ചിരുന്നു. പീരിയഡ്സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാൽ അത് ചെയ്യാൻ പറ്റില്ലെന്നു പറയും. നമ്മൾ പറഞ്ഞാൽ അല്ലേ അത് അവർക്കും അറിയാൻ പറ്റൂ. അത് പറയണമെന്നും നടി.