* റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു, എന്തു നടപടിയെന്നു തീരുമാനിക്കേണ്ടത് സർക്കാർ
* ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നുവെന്നതാണ് സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം
* പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നുവെന്നും അറിയില്ല
* 2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു
* ഡബ്ല്യുസിസി അംഗങ്ങൾക്ക് അവസരം നിഷേധിക്കാൻ ആവില്ല
* പാർവതിക്ക് ഇടവേളയുണ്ടായ കാര്യത്തിൽ മറുപടി പറയാൻ പറ്റില്ല
* കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോടു പരാതി പറഞ്ഞിട്ടില്ല
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുക്കുന്നിടം സുരക്ഷിതമായിരിക്കണമെന്നതു ഞങ്ങളുടെ കൂടെ ആവശ്യമാണെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം. റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർത്തിട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുന്നതു സർക്കാരാണെന്ന് സിദ്ദഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നുവെന്നതാണ് സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.
മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്നു സാമാന്യവത്കരിക്കുന്നതിനോടു യോജിക്കാനാവില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നുവെന്നും അറിയില്ല. എല്ലാ സംഘടനകളിൽനിന്നും രണ്ടു പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇനി ഇതേക്കുറിച്ചാണോ പറഞ്ഞതെന്നും അറിയില്ലയെന്നും സിദ്ദിഖ്.
അങ്ങനെ ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമാ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണെന്നും സിദ്ദിഖ്.
2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്നു പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അതു തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു മറ്റു പരാതികൾ അമ്മയ്ക്കു ലഭിച്ചിട്ടില്ല.
റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെയും വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോടു പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണു ചോദിച്ചതെന്നാണ് അറിഞ്ഞത്.
ഡബ്ല്യുസിസി അംഗങ്ങൾക്ക് അവസരം നിഷേധിക്കാൻ ആവില്ല. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെയാണ് ആദ്യം പരിഗണിക്കുന്നത്. അവരെ ലഭ്യമായില്ലെങ്കിൽ മാത്രമാണു മറ്റൊരാളെ തിരഞ്ഞെടുക്കുക. പാർവതിക്ക് ഇടവേളയുണ്ടായ കാര്യത്തിൽ മറുപടി പറയാൻ പറ്റില്ല. പല ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്. ഞങ്ങൾക്കും സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. ഇടവേള എനിക്കും ഉണ്ടായിട്ടുണ്ട്. പാർവതി കഴിവുള്ള നടിയാണ്. തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ തിലകന്റെ മകൾ സോണിയ തിലകനെ അഭിനന്ദിക്കുന്നു.
സിനിമാ സെറ്റുകളിൽ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോൾ കണക്കിലെടുക്കാനാവില്ല. നാലഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ അത് ശരിയായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോടു പരാതി പറഞ്ഞിട്ടില്ല. അറിയാത്ത കാര്യത്തിൽ എങ്ങനെയാണ് നടപടിയെടുക്കുകയെന്നും സിദ്ദിഖ്. ഇന്നുവരെ സിനിമയിലെ ആരും തന്നോടു മോശമായി പെരുമാറുകയോ വാതിലിൽ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു ജോമോൾ പ്രതികരിച്ചു.