കൊച്ചി: നടി രഞ്ജിനി സമർപ്പിച്ച ഹർജി തള്ളിയതോടെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങൾ നീങ്ങി. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. നടി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ലൈംഗിക ചൂഷണകഥകൾ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കാൻ തയാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിട്ടുവീഴ്ച ചെയ്യുന്നവർ അറിയപ്പെടുന്നത് കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.
റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ
പുറത്തുകാണുന്ന ഗ്ലാമർ സിനിമയ്ക്കില്ല, കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
സഹകരിക്കാൻ തയാറാകുന്നവർ അറിയപ്പെടുന്നത് വിവിധ കോഡുകളിൽ.
വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ നിർബന്ധിക്കുന്നു
വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ എന്ന് വിളിക്കും.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
വിട്ടുവീഴ്ച ചെയ്യാൻ സമ്മർദ്ദം
സിനിമ മേഖലയിൽ വ്യാപക ചൂഷണം
അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം
പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്
അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതർ
സംവിധായകർക്കെതിരേയും മൊഴി
ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം
വിസമ്മതിച്ചാൽ ഭീഷണി
നഗ്നതാപ്രദർശനവും വേണം
മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം
ചൂഷണം ചെയ്യുന്നവരിൽ പ്രധാനനടൻമാരും
എതിർക്കുന്നവർക്ക് സൈബർ ആക്രമണമുൾപ്പെടെയുള്ള ഭീഷണികൾ
വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും
പ്രൊഡക്ഷൻ കണ്ടട്രോളർ വരെ ചൂഷകരാകുന്നു
രാത്രികാലങ്ങളിൽ വന്ന് മുറികളിൽ മുട്ടിവിളിക്കും
വാതിൽ തുറന്നില്ലെങ്കിൽ ശക്തമായി ഇടിക്കും
സെറ്റിൽ ശുചിമുറിയുൾപ്പെടെയുള്ള സൗകര്യമില്ലാത്തതിനാൽ വെള്ളം പോലും കുടിക്കാതെ പിടിച്ചു നിൽക്കും.
പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു
ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു
മലയാളസിനിമയിൽ തമ്പ്രാൻവാഴ്ച നടക്കുന്നു
സ്ത്രീകളോട് പ്രാകൃത സമീപനം
ചൂഷണത്തിനായി ഇടനിലക്കാർ പ്രവർത്തിക്കുന്നു
അവസരത്തിനായി ശരീരം ചോദിക്കുന്നു
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു
തുറന്ന് പറയുന്നവർക്ക് അവസരം ഇല്ലാതാക്കി
സിനിമാ സെറ്റിൽ ഒറ്റയ്ക്ക് പോകാൻ ഭയം
ഫോൺ വഴിയും മോശം പെരുമാറ്റം
അൽപ്പ വസ്ത്രംധരിച്ചാൽ അവസരം, ഇറുകിയ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നു
നിർദേശങ്ങൾ
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം
എന്നാൽ മലയാള സിനിമയിലെ പുരുഷൻമാരായ എല്ലാ സിനിമാപ്രവർത്തകരും ചൂഷകരല്ലയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുന്നതിൽ സ്ത്രീകൾ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവർ നൽകിയ മൊഴിയിൽ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉൾപ്പെടുന്നു.
തന്റെ സിനിമയിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോർട്ടിൽ എടുത്തു പറയുന്നു. അവരുടെ സെറ്റുകളിൽ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കേണ്ട അവസരങ്ങളിൽ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റിൽ നിൽക്കാൻ അനുവദിക്കൂ. മാത്രവുമല്ല മറ്റുള്ളവർ കാണാതെ സെറ്റ് കവർ ചെയ്യും. അത് അഭിനയിക്കുന്നവരിൽ കൂടതൽ സുരക്ഷിതത്വം തോന്നിപ്പിക്കും. സിനിമയിലെ വ്യത്യസ്ത ഇടങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം പുരുഷൻമാർ സൗഹാർദ്ദത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അങ്ങനെ ഒരുപാട് നല്ല സിനിമാപ്രവർത്തകർ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ട്.
പുതിയ തലമുറയിലെയും പലതലമുറയിലെയും സ്ത്രീകളും പുരുഷൻമാരുമായ സിനിമാപ്രവർത്തകരുമായി ഹേമാ കമ്മിറ്റി റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയുണ്ടായി. സിനിമയുടെ ആദ്യകാലം മുതൽ തന്നെ സ്ത്രീകൾ നിരവധിപ്രശ്നങ്ങൾ നേരിടുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതൽ തന്നെ. ഇത്തരം വിഷയങ്ങളിൽ ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും പ്രത്യേക അധികാര കേന്ദ്രമില്ലാത്തതും ഒരു പോരായ്മയാണ്.
233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.