ബെംഗളൂരു: ദുരിതം വിതച്ച് ബെംഗളൂരു നഗരത്തിൽ കനത്ത മഴ. മഴയിൽ ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണു അഞ്ചുപേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡ് ഉൾപ്പെടെയെത്തി തിരച്ചിൽ തുടരുകയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചു.
മൂന്നു ദിവസമായി തുടരുന്ന കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ദേവനഹള്ളി, കോറമംഗല, സഹകർനഗർ, യെലഹങ്ക, ഹെബ്ബാൾ, എച്ച്എസ്ആർ. ലേഔട്ട്, ബിഇഎൽ റോഡ്, ആർആർ നഗർ, വസന്തനഗർ തുടങ്ങിയ ഭാഗങ്ങളിൽ മഴ കനത്ത മഴയാണ് ലഭിച്ചത്.
യെലഹങ്ക കേന്ദ്രീയ വിഹാർ അപ്പാർട്ട്മെന്റ് പരിസരംമുഴുവൻ വെള്ളത്തിലായിരിക്കുകയാണ്. ഈ മാസം ഇത് മൂന്നാംതവണയാണ് ഇവിടെ വെള്ളം പൊങ്ങുന്നത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാജീവനക്കാർ അപ്പാർട്ട്മെന്റിലുള്ളവരെ റാഫ്റ്റുകളിലാണ് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്. വടക്കൻ ബെംഗളൂരുവിലെ പല അപ്പാർട്ട്മെന്റുകളിലും നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിലായി. ഇവിടെയുള്ള ആൾക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അല്ലലസാന്ദ്ര തടാകവും ദൊഡ്ഡബൊമ്മ സാന്ദ്ര തടാകവും കരകവിഞ്ഞു.
കൊഗിലു ക്രോസിന് സമീപം പൂർണമായി വെള്ളത്തിൽമുങ്ങിയ അവസ്ഥയിലാണ്. ജുഡീഷ്യൽ ലേഔട്ടിന് സമീപം ജികെവികെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് കൊഡിഗെഹള്ളിയിലെ അപ്പാർട്ട്മെന്റ് പരിസരത്ത് വെള്ളം കയറി. ഓസ്റ്റിൻ ടൗൺ, എം.എസ്. പാളയ, ടെലികോം ലേഔട്ട്, ബസവ സമിതി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറോളം വീടുകളിൽ വെള്ളംകയറി.
മഴ ഇപ്പോഴും തുടരുന്നതിനാൽ ബുധനാഴ്ച ബെംഗളൂരുവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകൾ പ്രവർത്തിക്കുമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ജി. ജഗദീശ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.