ന്യൂഡൽഹി: ജമ്മു കാശ്മീർ, ഹരിയാന നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മുതൽ വോട്ടണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും (ഇവിഎം) വോട്ടുകളും എണ്ണും.
ഇരു സംസ്ഥാനങ്ങളിലും 90 വീതം സീറ്റുകളാണ് ഉള്ളത്. ഹരിയാനയിൽ ഒറ്റ ഘട്ടമായും ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും ഇന്ത്യാ മുന്നണിയും.
ഹരിയാനയിലും ജമ്മു-കാശ്മീരിലും കോൺഗ്രസിനും എക്സിറ്റ് പോൾ സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിൽ പോലും കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് എൻഡിഎയും ബിജെപിയുമുള്ളത്.
പ്രത്യേക സംസ്ഥാന പദവി പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കാശ്മീരിലേത്. രാഷ്ട്രീയ പാർട്ടികൾ ശ്വാസമടക്കിപ്പിടിച്ച് ഫലത്തിനായി കാത്തിരിക്കുമ്പോൾ, എക്സിറ്റ് പോൾ പ്രവചനങ്ങൾ യഥാർത്ഥ ഫലങ്ങളോടൊപ്പം പരീക്ഷിക്കുന്ന വോട്ടർമാരിലേക്കായിരിക്കും എല്ലാ കണ്ണുകളും.
ഹരിയാനയിൽ കോൺഗ്രസ് തിരിച്ചുവരവ് കാത്തിരിക്കുമ്പോൾ ബിജെപി മൂന്നാം തവണയും ഭരണത്തിലേറാമെന്ന പ്രതീക്ഷയിലാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.