തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികൾക്ക് പത്ത് ലക്ഷം, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺ ഷിപ്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻറെ കുടുംബത്തിന് ഏഴു ലക്ഷം നൽകാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വയനാട് ദുരന്തത്തിൽ ആശ്വാസ ധനം പ്രഖ്യാപിക്കാത്ത കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയിൽപ്പെട്ടവർക്കായി 140.6 കോടി രൂപയാണ് ആദ്യ ഗഡു നൽകിയത്. ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണ്. പ്രത്യേക സഹായം ഇതുവരെ കിട്ടിയില്ല. കൂടുതൽ സഹായം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേപാടി നെടുമ്പാല, കൽപ്പറ്റ എൽസ്റ്റൺ എസ്റ്റ്റേറ്റ് എന്നീ രണ്ട് സ്ഥലങ്ങളാണ് ടൗൺ ഷിപ്പ് പരിഗണിക്കുന്നത്. നിയമ വശം പരിശോധിക്കും. ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമെന്ന് വയനാട് ദുരന്തത്തിൽ ഉറ്റവരും വാഹനാപകടത്തിൽ പ്രതിശ്രുത വരനും നഷ്ടപ്പെട്ട ശ്രുതി പ്രതികരിച്ചു. വയനാട്ടിൽ തന്നെ ജോലി ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹം. ജോലി കിട്ടുമെന്നത് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞതെന്നും ശ്രുതി പറഞ്ഞു. വാഹനാപകടത്തിൽ പരുക്കുപറ്റി ചികിത്സയിലുള്ള ശ്രുതിയുടെ ഒരു കാലിനു കൂടി ശസ്ത്രക്രിയ നടക്കാനുണ്ട്.