തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകേണ്ടതില്ലെന്നു മുഖ്യമന്ത്രി. ഇക്കാര്യം
കാണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്.
ഏറെ വിവാദം സൃഷ്ടിച്ച മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബും ഇന്ന് വൈകുന്നേരം നാലിന് രാജ്ഭവനിലെത്തണമെന്നായിരുന്നു ഗവർണറുടെ നിർദേശം. എന്നാൽ മുഖ്യമന്ത്രി ഈ ആവശ്യം തള്ളുകയായിരുന്നു.
മലപ്പുറത്തു നടക്കുന്ന സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശത്തിലാണ് ഗവർണർ വിശദീകരണം തേടിയത്. ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിക്ക് ഗവർണർ നേരത്തെ കത്തയച്ചിരുന്നു. എന്നാൽ ഇതിനും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിരുന്നില്ല.