കൊച്ചി: സംസ്ഥാനത്ത്സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ബുധനാഴ്ച്ച മാത്രം പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 40 രൂപ കൂടി 7340 രൂപയും പവന് 58720 രൂപയുമായി. രണ്ടാഴ്ചക്കിടെ മാത്രം സ്വർണ വിലയിലുണ്ടായ വർധന 2,520 രൂപയാണ്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില നിലവിൽ 78,755 രൂപയാണ്. ഡോളർ സൂചികയിലെ കുതിപ്പാണ് ഇപ്പോഴത്തെ വർധനവിന്റെ പ്രധാന കാരണമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ സ്വർണ വില കണക്കാക്കുന്നത് യുഎസ് ഡോളർ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഡോളർ കരുത്താർജിക്കുമ്പോൾ മറ്റ് കറൻസികളിൽ സ്വർണത്തിന്റെ മൂല്യമുയരാനിടയാകുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ, പലിശ നിരക്ക് കുറയ്ക്കൽ എന്നിവയും സ്വർണ വിലയെ സമീപകാലയളവിൽ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും ദിവസങ്ങളിലും സ്വർണവിലയിൽ വർധനവ് ഉണ്ടാകാനാണ് സാധ്യത.