തിരുവനന്തപുരം: തൊട്ടാൽ പൊള്ളുമെന്ന നിലയിലേക്ക് സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ചരിത്രത്തിലാദ്യമായി പവന് 56,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,000 രൂപയിലും ഗ്രാമിന് 7,000 രൂപയുമായി.
അഞ്ചുദിവസത്തിനിടെ 1,400 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതുവരെയുണ്ടായിരുന്ന റിക്കോർഡ് വില 55120 രൂപയായിരുന്നു. ഇതാണ് ഈ കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ മറികടന്നത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയർന്ന സ്വർണവില സെപ്റ്റംബർ 16നാണ് വീണ്ടും 55,000 കടന്നത്.
എന്നാൽ പിന്നീടുള്ള മൂന്നു ദിവസം ഇടിഞ്ഞതോടെ സ്വർണവില വീണ്ടും 55,000ൽ താഴെയെത്തി. എന്നാൽ അഞ്ചുദിവസമായി വീണ്ടും റോക്കറ്റ് വേഗത്തിൽ കുതുച്ച്പുതിയ ഉയരം കൈവരിക്കുകയായിരുന്നു.
പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 0.28% വില വർധിച്ചു. എന്നാൽ വെള്ളി വിലയിൽ മാറ്റങ്ങളില്ല. നിലവിൽ വെള്ളി ഗ്രാമിന് 97.90 രൂപയാണ്. എട്ടു ഗ്രാം വെള്ളിക്ക് 783.20 രൂപയും കിലോയ്ക്ക് 97,900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.