തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എഡിജിപി എംആര്‍ അജിത്കുമാറാണെന്ന പുതിയ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗൺ കാലത്ത് കര്‍ശന യാത്രാ നിയന്ത്രണവും പോലീസ് പരിശോധനയുമുള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക് കടന്നതെന്നും സരിത്ത്.
അന്നത്തെ കേസിലെ മറ്റൊരു പ്രതി സന്ദീപും സ്വപ്നയും കൂടിയാണ് ബെംഗളൂരുവിലേക്കുപോയത്. എഡിജിപി അജിത്കുമാര്‍ പോകാൻ വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് എം. ശിവശങ്കര്‍ പറഞ്ഞതായും സരിത്ത് വ്യക്തമാക്കി. പിന്നീട് ശിവശങ്കരന്റെ നിര്‍ദേശ പ്രകാരമാണ്സംസ്ഥാനത്തിന് പുറത്തേക്കുകടന്നത്. യാത്രയുടെ റൂട്ടുകൾ നിർദേശിച്ചിരുന്നത് അജിത്കുമാറാണെന്നും സരിത്ത് പറഞ്ഞു.
ഏത് ചെക്പോസ്റ്റിലൂടെ പുറത്തുകടക്കണമെന്ന നിര്‍ദേശം പോലും അദ്ദേഹം നല്‍കിയിരുന്നു. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ത്താമസിച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടായിരുന്നെന്നും സരിത്ത് പറഞ്ഞു.
സരിത്തിന്റെ ഈ വെളിപ്പെടുത്തൽ സ്വപ്നാ സുരേഷും ശരിവെച്ചു. ശിവശങ്കറിന് പോലീസില്‍നിന്ന് എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്നത് അജിത്കുമാറാണെന്നു സ്വപ്ന വ്യക്തമാക്കി. അജിത്കുമാറിനെ നേരിട്ട് അറിയില്ല. ബെംഗളൂരിവുലേക്കുള്ള യാത്രയില്‍ പോലീസ് പരിശോധന ഒഴിവാക്കാന്‍ ഉന്നതല ഇടപെടലുണ്ടായി. അത് അജിത്കുമാറാകാനാണ് സാധ്യതയെന്നും സ്വപ്ന പറഞ്ഞു. പിന്നീടാണ് തനിക്ക് മനസിലായത് തന്നെ മനഃപൂര്‍വം കേരളത്തില്‍നിന്ന് മാറ്റുകയായിരുന്നുവെന്ന്.
കേരളം വിടാൻ പദ്ധതിയില്ലായിരുന്ന തന്നെ നിര്‍ബന്ധിച്ചത് ശിവശങ്കറാണ്. ബെംഗളൂരുവില്‍നിന്ന് നാഗാലാന്‍ഡിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ആ യാത്രയില്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നതായും സ്വപ്നാ സുരേഷ് ആരോപിച്ചു.