തിരുവനന്തപുരം: ഗുണ്ടാനേതാവിനെ വാഹനം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. ഗുണ്ടാ നേതാവ് പന്തലക്കോട് സ്വദേശി ജോയിയെ കൊലപ്പെടുത്തിയ കേസിൽ വട്ടപ്പാറ പന്തലക്കോട് കുറ്റിയാണി മുംതാസ് മൻസിലിൽ എ. ഷജീർ (39), വട്ടപ്പാറ കുറ്റിയാണി ലക്ഷംവീട്ടിൽ വി.എം. രാകേഷ് (36), വള്ളക്കടവ് പുതുവൽ പുത്തൻവീട്ടിൽ നന്ദുലാൽ (30), നേമം എസ്റ്റേറ്റ് വാർഡിൽ കെ. വിനോദ് (അട്ടപ്പട്ടു വിനോദ്–38), മണക്കാട് ശ്രീവരാഹം അടിയിക്കതറ പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (42) എന്നിവരാണ് സിറ്റി ഷാഡോ സംഘത്തിന്റെ സഹായത്തോടെ ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.
ജോയിലെ കൊലപ്പെടുത്താൻ ഷജീറാണ് ക്വട്ടേഷൻ നൽകിയെന്ന് പൊലീസ് പറഞ്ഞു. ഷജീർ, രാകേഷ്, ഉണ്ണി എന്നിവരെ കന്യാകുമാരിയിൽ നിന്നും വിനോദിനെ പൂഴിക്കുന്നിൽ നിന്നും നന്ദുലാലിനെ മുട്ടത്തറയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷജീറിന്റെ ബന്ധുവും കേസിലെ പ്രതിയുമായ കരിമഠം സ്വദേശി അൻവർ ഒളിവിലാണ്. പ്രതികൾ കൊലപാതകത്തിനുപയോഗിച്ച കാർ ബാലരാമപുരം ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു. കാറിലെ രക്തക്കറ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയ കുറ്റിയാണി സ്വദേശികളായ എം.ജി.അരുൺ, യു.എസ്.അരുൺ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് കേസിൽ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസി.കമ്മിഷണർ ടി.കെ.മുരളി, ശ്രീകാര്യം എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, മെഡിക്കൽകോളജ് എസ്എച്ച്ഒ ബി.എം.ഷാഫി, തുമ്പ എസ്എച്ച്ഒ ആർ.ബിനു, കഴക്കൂട്ടം എസ്എച്ച്ഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.