തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നടിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയതിനു പിന്നാലെയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണു പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തിരുന്നു. പരാതികളും മൊഴികളും ഔദ്യോഗികമായി രേഖപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം സജീവമായതോടെ സിനിമാ പീഡന വെളിപ്പെടുത്തലുകളിൽ നടന്മാർക്കെതിരായ കുരുക്കു മുറുകുകയാണ്.
സെക്രട്ടേറിയറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വർഷങ്ങൾക്കുമുൻപ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയിൽവെച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു. കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും വരുന്നത്. നടൻ ജയസൂര്യ, മകേഷ് അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.