കൊച്ചി: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിൻറെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി. മാത്രമല്ല, മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. അവരേയും ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു.
എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി ജസ്റ്റീസ് ബെച്ചു കുര്യൻറെ ബെഞ്ചാണ് പരിഗണിച്ചത്. മുഹമ്മദ് കാസിമിന്റെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചുമത്തി കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചുആരാഞ്ഞു.
സംഭവത്തിൽ മൊഴികളിൽ പറഞ്ഞിരിക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ വിശദമായ പരിശോധനയ്ക്കായി കണ്ടുകെട്ടിയിട്ടിയിട്ടുണ്ടെന്നും അതിൽ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും സർക്കാർ മറുപടി നൽകി. ഈ ഘട്ടത്തിൽ അന്വേഷണത്തെക്കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചേർക്കണമെന്ന ഹർജിക്കാരൻറെ വാദം പരിശോധിക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും സെപ്റ്റംബർ ആറിലേക്ക് മാറ്റി.