ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരം മുഹമ്മദ് സിറാജ് തെലങ്കാനയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി (ഡിഎസ്പി) ചുമതലയേറ്റു.
തെലങ്കാന ഡിജിപി ജിതേന്ദറിൻ്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ശനിയാഴ്ചയായിരുന്നു ഡിഎസ്പിയായി ചുമതലയേറ്റെടുത്തത്.
ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് വിജയത്തിന് ശേഷം സിറാജിന് വീട് നിർമിക്കാന് സ്ഥലവും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനിടെ സിറാജിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ തെലങ്കാന മുഖ്യമന്ത്രി, താരത്തിന് ഗ്രൂപ്പ് 1 ല് ഉൾപ്പെടുന്ന ജോലി തന്നെ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണു താരത്തിന് പൊലീസിലെ ഉയർന്ന റാങ്ക് തന്നെ ലഭിച്ചത്.
ഡിഎസ്പി പ്രവേശനത്തിനു ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലായിരുന്നെങ്കിലും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാന സർക്കാര് ഇളവു നൽകുകയായിരുന്നു. പ്ലസ് ടുവാണ് സിറാജിന്റെ വിദ്യാഭ്യാസ യോഗ്യത. ഗ്രൂപ്പ് 1 ജോലിക്ക് ആവശ്യമായ കുറഞ്ഞ യോഗ്യത ബിരുദമാണ്.
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സിറാജ് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് സിറാജ് അവസാനമായി കളിച്ചത്, അവിടെ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇന്ത്യയെ 2-0 ന് പരമ്പര സ്വന്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഇന്ത്യയ്ക്കായി ഇതുവരെ 89 ഫോർമാറ്റുകളിൽ നിന്ന് 27.57 ശരാശരിയിൽ 163 വിക്കറ്റുകൾ മുഹമ്മദ് സിറാജ് നേടിയിട്ടുണ്ട്. 2017 നവംബർ 04-ന് രാജ്കോട്ടിൽ ന്യൂസിലൻഡിനെതിരെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ്.