കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയ്ക്കുവച്ച അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള അസ്വാരസ്യങ്ങൾ ചർച്ചചെയ്തു പരിഹരിച്ചു. തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു.
താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്താ സമ്മേളനത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ചർച്ചയായതെന്ന് ജിതിൻ പറഞ്ഞു. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അർജുൻറെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു. നേരത്തെ മനാഫിനെതിരേ കടുത്ത ആരോപണങ്ങളാണ് വാർത്താ സമ്മേളനത്തിൽ അർജുന്റെ കുടുംബം ഉയർത്തിയത്. കുടുംബത്തിൻറെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയായിരുന്നെന്നും അർജുൻറെ പേരിൽ പല കോണുകളിൽനിന്നും മനാഫ് ഫണ്ടുപിരിവ് നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ അഞ്ജു നൽകിയ പരാതിയിൽ മനാഫിനെതിരെ കേസെടുത്തിരുന്നു. എന്നാൽ മനാഫ് അർജുനെ മോശമാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തിച്ചില്ലെന്നു കണ്ടെത്തി മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് നീക്കി സാക്ഷിയാക്കുകയായിരുന്നു. മനാഫിനെ കൂടാതെ ഈശ്വൻ മാൽപെയ്ക്കെതിരെയും അർജുന്റെ കുടുംബം ആരോപണമുന്നയിച്ചിരുന്നു