കൊച്ചി: ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങൾ എന്താണോ ചെയ്യുന്നത് അത് നിങ്ങൾക്ക് തിരിച്ചു കിട്ടുമെന്ന് സിദ്ദിഖിനെതിരെ പരാതി നൽകിയ അതിജീവിത. ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായെത്തിയത്.
നിരവധിപ്പേരാണ് ഇതിനു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടൻ സിദ്ധിഖ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മസ്കറ്റ് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയുമായി അതിജീവിത രംഗത്തെത്തിയത്. ഇതുപ്രകാരം 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
യുവ നടിയുടെ രഹസ്യ മൊഴി പ്രത്യേക അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. പിന്നാലെ നടൻ സിദ്ധിഖ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യ ഹർജി തള്ളുകയായിരുന്നു. പിന്നീട് പോലീസ് സിദ്ധിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഒളിവിൽ പോയ നടനെ ഇതുവരെ പിടികൂടാനായില്ല.
സിദ്ദിഖ് താമസിക്കാൻ ഇടയുള്ള ബന്ധുവീടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. നടന്റെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്.