ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി). കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാല് തവണയായി ഏകദേശം 40 മണിക്കൂറോളം ഇ ഡി ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് 2022 ജൂലൈയിൽ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറോളം സോണിയ ഗാന്ധിയേയും ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി രാഹുലിനെ ഒരു തവണ കൂടി ചോദ്യം ചെയ്യേണ്ടി വരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോക്സഭയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനായി താൻ കാത്തിരിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞിരുന്നു.