കൽപറ്റ∙ വയനാട് ജില്ലയിലെ പലയിടത്തും നേരിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന പ്രദേശങ്ങളിലാണ് നേരിയ തോതിൽ ഭൂമി കുലുക്കമുണ്ടായത്. മൂരിക്കാപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മേശപ്പുറത്തെ ഗ്ലാസുകൾ താഴെ വീണു. കൂടാതെ എടയ്ക്കൽ ഗുഹയുടെ ഭാഗത്തുനിന്ന് ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതേ തുടർന്ന് അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്തായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് നിർദേശം നൽകി. അതോടൊപ്പം വില്ലേജ് ഓഫിസർമാരോടു സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയതായും വൈത്തിരി തഹസിൽദാർ പറഞ്ഞു.
ഇവിടെ കൂടാതെ നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ ആർഎആർഎസ് പ്രദേശങ്ങളിൽ ഭൂമിക്കടിയിൽനിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികളും അമ്പലവയൽ ആർഎആർഎസിലെ ശാസ്ത്രജ്ഞരും പറഞ്ഞു. വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായും റിപ്പോർട്ട്.