ബെംഗളൂരു∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ മുഷീർ ഖാന്റെ സെഞ്ചുറി മികവിൽ ഇന്ത്യ എയ്ക്കെതിരെ ഇന്ത്യ ബി ടീമിന് 76 റൺസ് വിജയം. രണ്ടാം ഇന്നിങ്സിൽ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ ടീം 198ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ 181 റൺസെടുത്ത ഇന്ത്യ ബി താരം മുഷീർ ഖാനാണ് കളിയിലെ താരം. ഖാന്റെ ആദ്യ ഇന്നിങ്സാണ് ബി ടീമിനെ വിജയത്തിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ കെഎൽ രാഹുലും (121 പന്തിൽ 57), 42 പന്തിൽ 43 റൺസെടുത്ത ആകാശ് ദീപും തിളങ്ങിയെങ്കിലും ഇന്ത്യ എയ്ക്ക് 200 കടക്കാനായില്ല. വാലറ്റത്ത് ആകാശ്ദീപ് മാത്രമാണ് ശുഭ്മൻ ഗിൽ നയിച്ച ടീമിൽ കുറച്ചെങ്കിലും പ്രതിരോധിച്ച് എ ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ബി 90 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 42 ഓവറിൽ 184 റൺസെടുത്തു പുറത്താതോടെ വിജയം നേടാമെന്ന് കരുതിയെങ്കിലും ബോളർമാർക്കു മുന്നിൽ എ ടീമിന് അറി പതറുകയായിരുന്നു. പിന്നീട്അവസാന ദിനം കളി സമനിലയിലാക്കാനായിരുന്നു ഇന്ത്യ എ ബാറ്റർമാരുടെ ശ്രമം. എന്നാൽ യാഷ് ദയാൽ മൂന്നു വിക്കറ്റുകളും മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തിയതോടെ ഇന്ത്യ എ കളി കൈവിട്ടു പോയി.