കൊച്ചി: ലഹരിക്കേസിൽ കൊച്ചിയിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ. ഓംപ്രകാശിനേയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിനേയും കാണാനെത്തിയവരിൽ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ്. മാത്രമല്ല, കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശിനെ കാണാനെത്തിയവരിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമുണ്ടെന്നാണു പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. വ്യക്തമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക ഇവരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെഎസ് സുദർശനൻ പറഞ്ഞു. ഇവർക്കു പുറമേ ഇരുപതോളം പേർ ഇരുവരേയും സന്ദർശിച്ചിട്ടുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച പൊലീസ് പറഞ്ഞു.
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരെ ഞായാഴ്ച മരടിലെ ഹോട്ടലിൽനിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായത്. അതേസമയം, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.
ഏറെ വിവാദം സൃഷ്ടിച്ച വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ ഏതാനും ദിവസം മുമ്പ് കൊച്ചിയിൽ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. അതിനാൽതന്നെ ഇയാൾ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും വഴുതിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പിന്നീട് നടത്തിയ പരിശോധനയിൽ നാലു ലീറ്ററിലധികം മദ്യവും കൊക്കെയ്ൻ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയിൽനിന്നു കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതുവരും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോയെന്നറിയാൻ പരിശോധനയ്ക്കായി രക്ത സാംപിളും പൊലീസ് ശേഖരിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കി പ്രതികളെ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി തെളിയിക്കാനുള്ളതെന്നും പ്രഥമദൃഷ്ട്യാ ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചിരുന്നതായും ഹോട്ടലിൽ ഡിജെ പാർട്ടി നടന്നതായും വ്യക്തമാക്കിയിരിക്കുന്നത്.
റൂം നമ്പർ 1421, 1423, 1506 എന്നീ മുറിയിലുണ്ടായിരുന്നവർ ചേർന്നാണ് ശനിയാഴ്ച ഡിജെ പാർട്ടി നടത്തി എന്നാണു കസ്റ്റഡി അപേക്ഷാ റിപ്പോർട്ടിൽ പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലായിരുന്നു ഓംപ്രകാശും ഷിഹാസും താമസിച്ചിരുന്ന മുറികൾ ബുക്ക് ചെയ്തിരുന്നത്. ശനിയാഴ്ചയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും ഇവിടെ എത്തിയത് എന്നാണ് വിവരം. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനയ്ക്ക് അയച്ചെന്നും ഡിസിപി പറഞ്ഞു.