കർണാടക: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും നടത്തിയ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. എന്നാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡ്രഡ്ജർ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇപ്പോഴുള്ള കാലാവസ്ഥയിൽ ഡ്രഡ്ജിങ് നടത്തുക പ്രായോഗികമല്ല, ഇതുവരെയുള്ള മറ്റു തിരച്ചിലുകളെല്ലാം പൂർത്തിയായതായി ഡ്രഡ്ജിങ് കമ്പനി അറിയിച്ചു. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജർ എത്തിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും അടുത്ത ആഴ്ചയോടെ സാഹചര്യം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി എം.ഡി പറഞ്ഞു.
ഇതിനിടെ സർക്കാർ വാഗ്ദാനം ചെയ്തതുപോലെ അർജുനന്റെ ഭാര്യയ്ക്കായുള്ള ജോലി ഉത്തരവിറങ്ങി. വെള്ളിയാഴ്ച സഹകരണ വകുപ്പ് അർജുൻ്റെ ഭാര്യ കെ കൃഷ്ണപ്രിയയെ വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യറായി നിയമിച്ചു. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടി വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.