കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ റിമാൻഡിലായ പിപി ദിവ്യ ജാമ്യ ഹർജി സമർപ്പിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജാമ്യ ഹർജിയിൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് പറയുന്നു. കൂടാതെ അന്വേഷണത്തിൽ കൃത്യതയും വ്യക്തതയും ഇല്ല. തെറ്റുപറ്റിയെന്ന് നവീൻബാബു പറഞ്ഞതായുള്ള കലക്റ്ററുടെ മൊഴി പോലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിന്റെ വിശദാംശങ്ങളോ, എന്തിനെക്കുറിച്ചാണ് പറഞ്ഞതെന്നോ പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലായെന്നും വാദിക്കുന്നു
കൂടാതെ സംഭവത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ കമ്മിഷണറുടെ മൊഴിയെടുക്കണം. പെട്രോൾ പമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരനായ പ്രശാന്തൻ വിജിലൻസ് ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരായിരുന്നു. എന്നാൽ, പോലീസ് റിപ്പോർട്ടിൽ മൊഴിയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയില്ല. മാത്രമല്ല പ്രശാന്തൻ എന്തിനാണ് ക്വാർട്ടേഴ്സിലേക്ക് പോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
നവീൻബാബുവിന്റെ മരണത്തെ തുടർന്ന് ഒളിവിലായിരുന്ന ദിവ്യയെ കഴിഞ്ഞദിവസമാണ് പോലീസ് കണ്ണപുരത്തുവച്ച്അറസ്റ്റ് ചെയ്തത്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ദിവ്യ പോലീസിന്റെ കസ്റ്റഡിയിലായത്. തുടർന്ന് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തതോടെ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.
ദിവ്യ സമർപ്പിച്ച ഹർജി പരിഗണിക്കുന്ന മുറയ്ക്ക് കോടതി ഇനി പോലീസിൽനിന്ന് റിപ്പോർട്ട് തേടും. ജാമ്യത്തെ എതിർത്ത് കക്ഷിചേരുമെന്ന് നവീൻബാബുവിന്റെ കുടുംബവും ഭാര്യയും അറിയിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ദിവ്യയ്ക്കെതിരെ യാഥൊരുവിധത്തിലുള്ള അച്ചടക്ക നടപടിയും പാർട്ടി കൈക്കൊണ്ടിട്ടില്ല. നിലവിൽ ദിവ്യയ്ക്കെതിരെ നടപടിയൊന്നുമെടുക്കേണ്ടതില്ലായെന്നാണ് പാർട്ടിയുടെ തീരുമാനമെന്നറിയുന്നു.