മൂവാറ്റുപുഴ: വ്യാഴാഴ്ച അർധരാത്രിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തർക്കത്തിനിടെ കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. കിഷോറിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നവീനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കിഷോർ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഇവർ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ്. ഇരുവർക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.