ന്യൂഡൽഹി: ചന്ദ്രയാൻ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയാക്കി, ഇനി സർക്കാർ അനുമതി തേടുന്ന പ്രക്രിയയിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിനുശേഷം ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരുക, ചന്ദ്രന്റെ ഭ്രമണപഥത്തിലെ ബഹിരാകാശത്ത് നിലയുറപ്പിക്കൽ പരീക്ഷണം നടത്തുക എന്നിവയാണ് ചന്ദ്രയാൻ-നാല് ദൗത്യം. മാത്രമല്ല ചന്ദ്രയാൻ -മൂന്ന് ദൗത്യം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനും ഇന്ത്യൻ സ്പെയ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ സോമനാഥ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ചന്ദ്രയാൻ-നാല് ദൗത്യവിക്ഷേപണം 2028-ൽ നടക്കും. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ ഉൾപ്പെടെ 70 ഉപഗ്രഹങ്ങൾ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വിക്ഷേപിക്കും. ഇതിൽ നാവിഗേഷൻ, ഇൻസാറ്റ് 4-ഡി കാലാവസ്ഥാ ഉപഗ്രഹങ്ങൾ, വിദൂര സംവേദനത്തിനും ഉയർന്ന റെസലൂഷൻ ഇമേജിങ്ങിനുമുള്ള കാർട്ടോസാറ്റ് ഉപഗ്രഹങ്ങൾ എന്നിവ ഉൾപ്പെടുമെന്നും അദ്ധേഹം പറഞ്ഞു.
ഗഗൻയാൻ ദൗത്യത്തിനായി ഡേറ്റാ റിലേ ഉപഗ്രഹങ്ങൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനുള്ള ഉപഗ്രഹങ്ങൾ, ജി-സാറ്റ് ഉപഗ്രഹം എന്നിവയും ഐഎസ്ആർഒ വികസിപ്പിക്കുന്നുണ്ട്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കാനും പദ്ധതിയുണ്ട്. ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാദൗത്യം ഈവർഷം ഡിസംബറിൽ വിക്ഷേപിക്കാൻ തീരുമാനിച്ചതായി സോമനാഥ് പറഞ്ഞു. ഇതിനായുള്ള ക്രൂ മൊഡ്യൂൾ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ ഒരുങ്ങുന്നുണ്ട്. സർവീസ് മൊഡ്യൂൾ ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ സംയോജിപ്പിക്കും. ക്രൂ എസ്കേപ്പ് സംവിധാനം ശ്രീഹരിക്കോട്ടയിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.