ന്യൂഡൽഹി: മദ്യനയത്തിൽ സിബിഐ അറസ്റ്റ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും സുപ്രീം കോടതിയിൽ. സിബിഐ അറസ്റ്റിനെതിരായ തൻ്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിക്കൊണ്ടുള്ള, ഡൽഹി ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെതിരെയാണ് കെജ്രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
അറസ്റ്റിനെ എതിർത്തതിന് പുറമേ കേസിൽ കെജ്രിവാൾ പതിവ് ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ടെന്ന് എഎപിയുടെ ലീഗൽ ടീമിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച പ്രത്യേക കേസിൽ സുപ്രീം കോടതി നേരത്തെ കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ഇളവ് നൽകാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ കെജ്രിവാൾ ജയിലിൽ തുടരുകയാണ്.
മദ്യനയ അഴിമതിക്കേസിൽ ഇഡി കസ്റ്റഡിയിലിരിക്കെ ജൂൺ 26-നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 12-ന് ഇഡി കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
സിബിഐ കേസിൽ ഇളവ് ലഭിക്കാത്തതും അറസ്റ്റ് ചോദ്യം ചെയ്തതും ജാമ്യം ആവശ്യപ്പെട്ടുമാണ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ സിംഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ഹർജി തള്ളുകയായിരുന്നു. മാത്രമല്ല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും നിർദേശിച്ചു. ഈ ഉത്തരവിനെതിരെയാണ് കെജ്രിവാൾ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.