ബെംഗളൂരു: നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ സ്കൂട്ടർ ഫ്ളൈ ഓവറിന് മുകളിൽനിന്ന് തൂക്കിയെറിഞ്ഞ്നാട്ടുകാർ. സാമൂഹിക മാധ്യമത്തിൽ റീൽ ഇടാൻ വേണ്ടി വീഡിയോ ചിത്രീകരിക്കാനായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയ്ക്ക് സമീപം തുമകുരുവിൽ ദേശീയപാതയിലാണ് സംഭവം.
നാല് ഇരുചക്രവാഹനങ്ങളിലായി എട്ട് യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയതെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇതിൽ അഭ്യാസപ്രകടനം നടത്തിയ രണ്ടു സ്കൂട്ടറുകളാണ് ഫ്ളൈ ഓവറിന് മുകളിൽനിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. ആരോ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ നെലമംഗല ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഉത്തര ബെംഗളൂരുവിലെ മതികേര, യശ്വന്തപുര സ്വദേശികളാണ്. ഇവരിൽ ഒരാളുടെ രക്ഷിതാവ് ശനിയാഴ്ച വൈകീട്ട് പോലീസ് സ്റ്റേഷനിൽ ഹാജരായി. രണ്ടാമത്തെയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇപ്പോൾ റീൽ എടുക്കാൻ വേണ്ടി നടത്തുന്ന സാഹസീക പ്രകടനങ്ങൾ ഒരു ടെൻഡായി മാറിക്കൊണ്ടിരിക്കയാണ്. ബെംഗളൂരു നഗരത്തിൽനിന്നുള്ള നിരവധി യുവാക്കൾ ഇത്തരത്തിൽ അഭ്യാസപ്രകടനം നടത്താനായി ബൈക്കിൽ വരാറുണ്ടെന്ന് പോലീസ് പറഞ്ഞു. ആഴ്ചാവസാനമാണ് കൂടുതൽപേരും അഭ്യാസപ്രകടനത്തിനായി വരാറുള്ളത്. ഇതിനെതിരെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
A young man was seen performing reckless scooter stunts on Tumakuru National Highway for social media reels. Angry onlookers threw his scooter off a flyover as a stern warning.#BikeStunt #Bengaluru #Reels pic.twitter.com/4yyQX8aK3X
— The Munsif Daily (@munsifdigital) August 17, 2024