ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെടുത്തി നടി പ്രയാഗ മാർട്ടിന്റേയും നടൻ ശ്രീനാഥ് ഭാസിയുടേയും പേരുകൾ പുറത്തുവന്നതോടെ നടി പ്രയാഗ മാർട്ടിനെതിരെ സൈബർ ആക്രമണം. അടുത്തിടെ പ്രയാഗ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കടിയിലാണ് മോശം കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.
‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ’, ‘ഭാസിയും നീയും അകത്താകുമോ’, ‘ഹാപ്പി ജേർണി ടു ജയിൽ’ , ‘ഇനി പ്രകാശൻ പറക്കട്ടെ’, ‘ പ്രയാഗയുടെ മുടിയും ഡ്രസ്സിങ് സ്റ്റൈലും കണ്ടപ്പോ മുൻപേ ഡൗട്ട് തോന്നിയിരുന്നു’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ. ഇതിനെതിരെ പ്രയാഗ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയും പങ്കുവെച്ചിരുന്നു. ‘ഹ,ഹ,ഹ,ഹു,ഹു…’ എന്നെഴുതിയ ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മലയാള സിനിമാലോകത്തെ ആകെ പിടിച്ചുകുലുക്കിയ വാർത്തയായിരുന്നു ലഹരി പാർട്ടി. ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളികളും ചേർന്ന് നടത്തിയ ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി ഇവരുൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതിനാൽ തന്നെ ഇരുവരേയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
വ്യത്യസ്തമായ സ്റ്റൈലുകൾ വസ്ത്രങ്ങളിലും മുടികളിലും പരീക്ഷിക്കുന്ന പ്രയാഗ നേരത്തെ മുതൽ സൈബർ ആക്രമണത്തിനിരയായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മിസ് മാർട്ടിൻ എന്നറിയപ്പെടുന്ന പ്രയാഗയ്ക്ക് ഒരു മില്യണിലേറെ ഫോളോവേഴ്സുണ്ട്.