മലപ്പുറം: വിവാദ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സിപിഎം ബന്ധം അവസാനിപ്പിച്ച പി.വി. അൻവർ എംഎൽഎയ്ക്കെതിരെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവർത്തകർ. പാർട്ടിക്കെതിരെ തിരിഞ്ഞ എംഎൽഎയ്ക്കെതിരെ വിവിധയിടങ്ങൾ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.
സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും നടന്ന പ്രതിഷേധ പ്രകടനം അക്ഷരാർദ്ധത്തിൽ വെല്ലുവിളിതന്നെയായി മാറി. ‘ഗോവിന്ദൻ മാഷൊന്നു ഞൊടിച്ചാൽ കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധ പ്രകടനത്തിൽ മുഴങ്ങിക്കേട്ടു. പിന്നീട് പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. ഇരുന്നൂറിലധികം ആളുകൾ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
ഈ പ്രതിഷേധ പ്രകടനങ്ങളെ താൻ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും പാർട്ടി സെക്രട്ടറി പറഞ്ഞാൽ പ്രകടനത്തിൽ പങ്കെടുക്കാതിരിക്കാൻ അണികൾക്കു കഴിയില്ലെന്നും പി.വി. അൻവർ പ്രതികരിച്ചു. എന്നാൽ വരും ദിവസങ്ങളിൽ അൻവറിനെതിരെ പ്രതിഷേധപ്രകടനങ്ങൾ ഉണ്ടാകുമെന്നു നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം അൻവറുമായി ഇനി ബന്ധമില്ലെന്നു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.