കൊച്ചി: വിവാദ മലപ്പുറം പരാമർശം മതസ്പർദ വളർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനും ലേഖികയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലും പരാതി.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട്ഹൈക്കോടതിയിലെ അഭിഭാഷകൻ എം ബൈജു നോയൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലും പരാതി നൽകിയത്. എന്നാൽ വിവാദമായ പരാമർശം താൻ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് പ്രേരിപ്പിക്കുന്നതാണ് അഭിമുഖത്തിലെ പരാമർശങ്ങളെന്നു പരാതിയിൽ പറയുന്നു. താൻ പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെയും സിറ്റി പൊലീസ് കമ്മിഷണറേയും സമീപിച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് ഹർജിയിൽ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പരാമർശങ്ങൾ വിവിധ മത, ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നതാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ഇത് ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും പരാതിക്കാരൻ പറയുന്നു.
സംഭവം വിവാദമായതോടെ ദി ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150 കിലോ സ്വർണവും 123 കോടിരൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് പത്രത്തിൽ അച്ചടിച്ചു വന്നത്.