തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമായും മൂന്ന് തലത്തിലുള്ള അന്വേഷണമാണ് നടക്കുക. ഇതിൽ പൂരവുമായി ബന്ധപ്പെട്ട വിഷയത്തിൽ എഡിജിപി എംആര്‍ അജിത്കുമാറിന്റെ വീഴ്ചകള്‍ ഡിജിപി ഷേക്ക് ദർവേശ് സാഹേബ് അന്വേഷിക്കും.
പൂരം അട്ടിമറി സംബന്ധിച്ചുള്ള വിഷയം ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇന്റലിജന്‍സ് മേധാവിയും ഇക്കാര്യം അന്വേഷിക്കും.
അതേസമയം അജിത്കുമാറിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെയും തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചുകൊണ്ടുമാണ് വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണവിധേയനായ എഡിജിപി എം.ആര്. അജിത്കുമാര്‍ തന്നെയാണ് പൂരം കലക്കലില്‍ ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് ഡിജിപി തള്ളിയിരുന്നു. പിന്നീട് ഇന്ന് മുഖ്യമന്ത്രിയും ഈ റിപ്പോർട്ട് ആഥികാരികമാണെന്ന് പറയാനാകില്ലെന്നു പറയുകയും ചെയ്തു.
പി.വി. അന്‍വര്‍ എഡിജിപിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ എഡിജിപിക്ക് വീഴ്ച കണ്ടെത്തിയാല്‍ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി നേരത്തേ സിപിഐക്ക് ഉറപ്പ് നൽകിയിരുന്നു.