കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടശേഷം നിർത്താതെ പോയ പ്രതികളെ പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വാഹനങ്ങളിൽ പിന്തുടർന്നെത്തിയ ഇവർ കരുനാഗപ്പള്ളി കോടതിക്കു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചെന്ന പ്രതി മുഹമ്മദ് അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.
അതേസമയം അജ്മൽ ഓടിച്ച കാർ ഇയാളുടെ സുഹൃത്തിന്റെ അമ്മയുടേതാണെന്നും കണ്ടെത്തി. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് പറഞ്ഞു. കെഎൽ 23 ക്യൂ 9347 എന്ന കാറിടിച്ചാണു മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) കൊല്ലപ്പെട്ടത്. ഈ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു തുടർപോളിസി ഓൺലൈൻ വഴി എടുത്തു.
കേസിൽ റിമാൻഡിൽ കഴിയുന്ന യുവ ഡോക്ടർ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാർ ഓടിച്ചിരുന്ന അജ്മലിനെതിരെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം നടത്താതെ കാർ ഓടിച്ചു പോകാൻ നിർബന്ധിച്ചെന്ന കണ്ടെത്തലിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.