കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (63), കണ്ടപ്പൻചാൽ സ്വദേശി മകല (65) ആണ് മരിച്ചത്. ഇരുപതോളം പേർ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പത്തുപേർ ഓമശേരി ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസ് കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ബസിൻറെ മുൻഭാഗത്തിരുന്നവർക്കാണ് പരുക്കേറ്റത്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. പുഴയിലേക്കു മറിഞ്ഞ ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയായിരുന്നു. പിന്നീട് ക്രെയ്ൻ ഉപയോഗിച്ച് ബസ് കരയ്ക്കെത്തിച്ചു. കാളിയമ്പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ കൈവരികൾ തകർത്താണ് ബസ് പുഴയിലേക്കു പതിച്ചത്.
ബസിൽ എല്ലാ സീറ്റിലും ആളുണ്ടായിരുന്നതായാണ് വിവരം. ആരെങ്കിലും വെള്ളത്തിൽ മുങ്ങിപ്പോയോയെന്നറിയാൻ ഫയർഫോഴ്സ് പുഴയിലും തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ ഗതാഗത മന്ത്രി അന്വേഷണം പ്രഖ്യപിച്ചു.