ഛണ്ഡീഗഢ്: വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും എവിടെ മത്സരിച്ചാലും അതെത്ര ചെറിയ സ്ഥാനാർഥിക്കു മുൻപിലായാലും തോൽക്കുമെന്ന വെല്ലുവിളിയുമായി ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. പാർട്ടി അനുവദിച്ചാൽ വിനേഷ് ഫോഗട്ടിൻറെ എതിർ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താൻ തയാറാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഹരിയാനയിലെ ഏത് സീറ്റിൽ നിന്നാലും വിനേഷ് തോൽക്കും. തനിക്കെതിരായ പ്രതിഷേധം കോൺഗ്രസ് ഗൂഢോലോചയിൽ ഉരുത്തിരിഞ്ഞതാണ്. പെൺമക്കളോട് അനാദരവ് കാണിക്കുന്നതിൽ കുറ്റക്കാരൻ ഞാനല്ല, ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് ബജ്റംഗും വിനേഷുമാണ്, തിരക്കഥ എഴുതിയതാകട്ടെ ഭൂപീന്ദർ ഹൂഡയാണ്. ഇരുവരെയും കോൺഗ്രസിൽ ചേർത്തതിൽ ഒരു ദിവസം ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ ജന്തർ മന്തറിൽ ഗുസ്തിക്കാരുടെ പ്രതിഷേധം ആരംഭിച്ചപ്പോൾ തന്നെ ഇത് കായിക താരങ്ങളുടെ പ്രസ്ഥാനമല്ലെന്നും ഭൂപീന്ദർ ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസാണ് ഇതിന് പിന്നിലെന്നും താൻ അവകാശപ്പെട്ടിരുന്നുവെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. പ്രത്യേകിച്ച് ഭൂപീന്ദർ ഹൂഡ, ദീപേന്ദർ ഹൂഡ, പ്രിയങ്ക, രാഹുൽ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയതെന്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുെന്നും ബ്രിജ് ഭൂഷൻ ആരോപിച്ചു. കഴിഞ്ഞ ദിവസവും ഇതേ പ്രസ്ഥാപന നടത്തിയ ബ്രിജ് ഭൂഷനോട് ഒരാൾ പാർട്ടിയിൽ ചേർന്നാൽ അതെങ്ങനെ ഗൂഢാലോചനയാകുമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നത്. വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജുലാന മണ്ഡലത്തിൽ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്. ഒക്ടോബർ 5ന് ഒറ്റതവണയായാണ് തെരഞ്ഞെടുപ്പ് നടത്തുക.